കുഞ്ഞിന് ഇഷ്ടം കൂടുതൽ അച്ഛനെയോ അമ്മയെയോ എന്നതൊരു ആവർത്തിക്കപ്പെടുന്ന ചോദ്യമാണ്. ആദ്യമേ പറയട്ടെ, ഈ ചോദ്യം തീർത്തും അപ്രസക്തവും അപകടകരവുമാണ്.
എന്തുകൊണ്ടാണിത്?
നിരന്തരം ഈ ചോദ്യം കേൾക്കുന്ന കുട്ടിയ്ക്ക്, സ്നേഹിക്കുന്നതിലുമേറെ ഊർജവും സമയവും ശ്രദ്ധയും സ്നേഹം ബാലൻസ് ചെയ്യുന്നതിലും സ്നേഹം തെളിയിക്കുന്നതിലും ചിലവഴിക്കേണ്ടതായിവരുന്നു. ഏറ്റവും സ്വാഭാവികമായും അനായാസമായും വരേണ്ടുന്ന സ്നേഹം കൃത്രിമവും ഒരു പരീക്ഷപോലെ പേടിപ്പെടുത്തുന്നതും ആകുന്നു.
സ്നേഹിക്കുക എന്നതിലെ അനന്തസാധ്യതയെത്തന്നെ ഈ ചോദ്യം ഒരു റെയ്സ്(race) ആയി അടച്ചുകെട്ടുന്നു.
മറ്റൊന്ന്, മനുഷ്യബന്ധങ്ങളിൽ നമ്മൾ വിശ്വസിക്കുന്നത് സ്വയമേ സത്യമായി ഭവിക്കുന്നു എന്നതാണ്. നമ്മുടെ മുൻവിധി നമ്മുടെ പ്രവർത്തിയിൽ പ്രതിഫലിക്കുന്നു. വാക്കിൽനിന്നും പ്രവർത്തിയിൽനിന്നും നമ്മുടെ മുൻവിധി മനസിലാക്കുന്ന മക്കളുടെ പ്രവർത്തി സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
നമ്മൾ എന്തോ കള്ളത്തരം ചെയ്തോ എന്ന് ആളുകൾ സംശയിച്ചാൽ നിരപരാധിയെങ്കിലും നമ്മുടെ മുഖത്ത് നാമറിയാതെതന്നെ ചിലപ്പോൾ ഒരു കള്ളലക്ഷണം വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ.
വിശ്വാസവും യാഥാർഥ്യവും തമ്മിലുള്ള ഈ കൊടുക്കൽ വാങ്ങൽ മനുഷ്യബന്ധങ്ങളുടെ കാര്യത്തിൽ വളരെ സ്ട്രോങ്ങാണ്. വിചിത്രമായ കാര്യം, പലപ്പോഴും വിശ്വാസങ്ങളിലും മുൻവിധികളിലും തുടങ്ങി മോശം യാഥാർഥ്യങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നതാണ്(മറിച്ചു സംഭവിക്കുന്നതിനേക്കാൾ സാധാരണയായി).
അതായത് എന്നോട് എന്റെ കുട്ടിയ്ക്ക് സ്നേഹം കുറവാണ് എന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നതിലൂടെ മാത്രം എന്നോടുള്ള സ്നേഹം ബാധിക്കപ്പെട്ടേക്കാം എന്ന്.
മുൻവിധികൾ കൊണ്ട് മോശം അവസ്ഥകൾ സൃഷ്ടിക്കാതെയും ഊട്ടിയുറപ്പിക്കാതെയുമിരിക്കുക. സ്നേഹം മത്സരമോ പരീക്ഷയോ ആക്കാതിരിക്കുക. കുഞ്ഞുങ്ങളെ വിശ്വാസത്തിലെടുക്കുക. സംശയത്തിന്റെയല്ല, മറിച്ച് വിശ്വാസത്തിന്റെ അടിത്തറയിൽ ബന്ധങ്ങൾ പടുക്കുക.