ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയമാണ്. കുറച്ചുമാസങ്ങളായി മുംബൈയിൽ ജോലി ചെയ്തിരുന്ന ചെറിയച്ചൻ ഒരു ദിവസം നാട്ടിൽ വരുന്നു. ഒരിടദിവസമാണ് വരവ്. അന്ന് ക്ലാസ് കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ സ്വീറ്റ്സോ മറ്റോ കിട്ടിയതോർമ്മയുണ്ട്.
അതിനേക്കാൾ ഓർമ്മയുള്ള മറ്റൊന്നുണ്ട്.
വല്ല്യച്ചന്റെ വീട്ടിലെ അടുക്കളയിൽ രണ്ടു ലിറ്ററിന്റെ ഒരു പെപ്സി ബോട്ടിൽ ഇരിക്കുന്നു. ചെറിയച്ചൻ കൊണ്ടുവന്നതാവണം. ഞാൻ ഊഹിച്ചു. നാട്ടുമ്പുറത്തൊന്നും പെപ്സി വില്പനയും കുടിയും അന്നത്ര കോമണല്ല.
ഞാൻ കാണുമ്പോൾ അതിന്റെ കാൽഭാഗത്തോളമൊക്കെയേ കുടിച്ചിട്ടുള്ളൂ. ആരാണ് അത്രയും തീർത്തുവെച്ചതെന്ന് എനിക്ക് ധാരണയുമില്ല. ക്ലാസു വിട്ട് വീട്ടിലെത്തുന്നതിനുമുൻപോ മറ്റോ എന്റെ മുതിർന്ന കസിൻസ് – വല്ല്യച്ചന്റെ മക്കൾ – കുടിച്ചതാവണം. എന്നാൽ, പിന്നീട് സംഗതി ചിലവാകുന്നതായി കാണുന്നില്ല.
അന്ന് കാണുന്ന പരസ്യങ്ങളിലൊക്കെ സച്ചിനെയും ഗാംഗുലിയെയും ഒക്കെ പോലെ മുതിർന്നവരാണ് ഈ മാതിരി പാനിയങ്ങൾ കുടിക്കുക. മദ്യം പോലിരിക്കുന്ന നിറവുമാണ്. കുട്ടികൾ ഇത് കുടിക്കാമോ എന്നുറപ്പില്ല.
ജീവിതത്തിൽ ആദ്യമായി പെപ്സിയുടെ രുചി അറിയാനുള്ള ആഗ്രഹം അങ്ങനെ ഞാൻ വിഴുങ്ങി.
വീട്ടിൽ ആർക്കും അതിന്റെ രുചി പിടിക്കാഞ്ഞതുകൊണ്ടാണ് അതങ്ങനെ ഡിമാന്റില്ലാതെ ഇരുന്നതെന്നും, എനിക്ക് ഓഫർ ചെയ്യുന്നതിനെപ്പറ്റി ആരും ഓർക്കാതിരുന്നതെന്നും, എനിക്ക് പിന്നീട് മനസ്സിലായി. പാനയോഗ്യമല്ലാതെ പെപ്സി ഓടയിലൊഴുക്കിയ ദിവസമായിരുന്നു അത്.
മുതിർന്നപ്പോൾ കോള ഇനങ്ങളോട് പല കാരണങ്ങൾ കൊണ്ട് താല്പര്യം നഷ്ടപ്പെട്ടെങ്കിലും, പണ്ട് കാര്യം ചോദിച്ച് മനസിലാക്കുക എന്ന ചോയിസ് ഞാൻ എടുക്കാഞ്ഞത് ദീർഘകാലം ഒരു റിഗ്രട്ട് ആയിരുന്നു.
സംസാരിക്കുക, അതിലൂടെ കൺഫ്യൂഷൻസ് തീർക്കുക, കമ്മ്യൂണിക്കേഷനിലൂടെ കാര്യങ്ങൾ നടത്താൻ ശ്രമിക്കുക എന്നിങ്ങനെയുള്ള ചോയിസുകൾ, അഞ്ചാം ക്ലാസിനുശേഷവും ഞാൻ ദീർഘകാലം എടുക്കാതിരുന്നിട്ടുണ്ട്. എത്രയും നേരത്തെ ആ ചോയിസ് എടുത്തുതുടങ്ങുന്നോ അത്രയും നല്ലത് എന്ന് പിന്നീട് മനസ്സിലാക്കി.
റിഗ്രട്ട് ചെയ്യാതെ, ഇതിനെ ലേണിങ് ആയി എടുക്കുന്നതും ഒരു ചോയിസാണ്. അതുകൊണ്ടാണ് ഈ അനുഭവം ഇങ്ങനെയൊരു ബ്ലോഗ് പോസ്റ്റായത്. 😊