“സ്കൂട്ടറോടിക്കുന്നതൊക്കെ കൊള്ളാം, എവിടേലും കൊണ്ടുപോയി കുത്തരുത്!” (a)
“നീ എടുത്താൽ ഒരു ഫോട്ടോയെങ്കിലും മര്യാദയ്ക്ക് പതിയുമോ?” (b)
“നിങ്ങളാ മേശപ്പുറം മുഴുവനും ഞാൻ വരുമ്പൊഴേക്കും വാരിവലിച്ചിടല്ലേ!” (c)
“നാളെ ആരെങ്കിലും ഹോംവർക്ക് ചെയ്യാതെ വന്നാൽ എന്റെ തനിസ്വഭാവം അറിയും! (d)
“ആ വെണ്ടക്കാ ഉപ്പേരി ലേശമെങ്കിലും ബാക്കി വെച്ചാലാ! ഹാ!” (e)
ഇങ്ങനെയോ, ഇതിനു സമാനമായ രീതിയിലോ നമ്മളോട് ആരെങ്കിലുമൊക്കെ സംസാരിച്ചിട്ടുണ്ടാകും. എന്താണ് ഈ പറഞ്ഞ കാര്യങ്ങളിൽ കോമണായിട്ടുള്ളത്.
(a) സ്കൂട്ടർ ഓടിക്കാൻ പോകുന്നേയുള്ളൂ.
(b) ഫോട്ടോ എടുക്കാൻ പോകുന്നേയുള്ളൂ.
(c) മേശപ്പുറത്ത് ഇതുവരെ തൊട്ടിട്ടില്ല.
(d) ഹോംവർക്ക് ചെയ്യാനുള്ള സമയമാകുന്നേയുള്ളൂ.
(e) വെണ്ടക്കാ ഉപ്പേരി ഉൾപ്പെടെയുള്ള ഭക്ഷണം കഴിക്കാൻ പോകുന്നേയുള്ളൂ.
അപ്പോൾ, ഇത്രയും നെഗറ്റീവ് ആയ ഫലങ്ങൾ ആളുകൾ പ്രെഡിക്റ്റ് ചെയ്യുന്നതെങ്ങനെയാണ്?
ചിലതൊക്കെ ഓരോ വിഭാഗങ്ങളെപ്പറ്റിയുള്ള സ്റ്റീരിയോടൈപ്പുകളാണ്: സ്ത്രീകൾക്ക് വാഹനമോടിക്കാൻ കഴിവ് കുറവാണ് എന്ന പൊതുമിഥ്യാധാരണ ഒരുദാഹരണം. “സ്കൂട്ടറോടിക്കുന്നതൊക്കെ കൊള്ളാം, എവിടേലും കൊണ്ടുപോയി കുത്തരുത്!” എന്ന് ആദ്യമേ ആണുങ്ങളോട് പറഞ്ഞാൽ ആണുങ്ങൾക്കും ചെലപ്പൊ മനംമടുത്ത് പോയേനെ.
മറ്റു ചിലപ്പോൾ വ്യക്തികളെ സംബന്ധിച്ച മുൻവിധികളോ മുന്നനുഭവങ്ങളൊ ആവാം മേല്പറഞ്ഞ തരം സ്റ്റേറ്റ്മെന്റുകൾക്ക് പിന്നിൽ.
നമ്മളോടാരെങ്കിലും ഇത്തരത്തിൽ സംസാരിച്ചാൽ നമ്മൾ എന്താ ചിന്തിക്കുക?
“ഇപ്പോൾ നന്നായി ഫോട്ടോ എടുക്കുന്നവരെല്ലാം ഒരിക്കൽ മോശമായി ഫോട്ടോ എടുത്തിരുന്നവരാണ്.”
“ഇപ്പോൾ സ്മൂത്തായി ഡ്രൈവ് ചെയ്യുന്നവരെല്ലാം ഒരിക്കൽ തപ്പിപ്പിടിച്ച് ഓടിച്ചിരുന്നവരായിരുന്നു.” ഇങ്ങനെയെല്ലാം ചിന്തിക്കാമല്ലേ?
‘എംപതി’യോടെ ഇങ്ങനെ ചിന്തിച്ചാൽ ആളുകളെപ്പറ്റി നമ്മുടെ മനസ്സിലുള്ള മുൻവിധികളും ‘നെഗറ്റീവ് പ്രതീക്ഷ’കളും കുറയ്ക്കാം.