വെയ്റ്റ് ലിഫ്റ്റേഴ്സ് ഒളിമ്പിക്സിലും മറ്റു മത്സരങ്ങളിലുമെല്ലാം നൂറുകണക്കിന് കിലോഗ്രാം ഭാരമുയർത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കൃത്യമായ മേൽനോട്ടത്തിൽ ബാലൻസ്ഡ് ആയ പരിശീലത്തിലൂടെ ശരീരത്തിന്റെ ഓരോ ഭാഗവും ശക്തിപ്പെടുത്തിയതിന് ശേഷമാണ് ഉയർന്ന ഭാരങ്ങൾ അവർ ഉയർത്താൻ ശ്രമിക്കുന്നതുതന്നെ. അതും താരതമ്യേന ചെറിയ ഭാരങ്ങളിൽനിന്ന് സാവധാനം കൂട്ടിക്കൊണ്ടുവരികയാണ് ചെയ്യുക.
വർഷങ്ങൾ നീണ്ട പരിശീലനം ഇതിനു പുറകിലുണ്ട്. ഇത്തരത്തിൽ ഉയർന്ന ഭാരങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങുന്നതോടെ അഞ്ചും പത്തും കിലോ ഭാരമെല്ലാം ഒരു തൂവൽ എന്ന പോലെയേ അനുഭവപ്പെടുകയുള്ളൂ. ഇത് ജിംനേഷ്യത്തിലും മറ്റും പോയിട്ടുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യമാണ്.
മുതിർന്നിട്ടും ‘ചെറിയ’ ഉത്തരവാദിത്തങ്ങൾപോലും ഏറ്റെടുക്കാത്ത മക്കളെപ്പറ്റി രക്ഷിതാക്കൾ പരാതിപ്പെടാറുണ്ട്. വെയിറ്റ് ലിഫ്റ്റേഴ്സിന്റെ കാര്യത്തിനു സമാനമായി, പലപ്പോഴും ഇതിനുകാരണം അവരെ അതിനു പാകപ്പെടുത്തിയിട്ടില്ല എന്നതാകാം. ‘ചെറിയ’ ഡോസിൽ ഉത്തരവാദിത്തങ്ങൾ ചെറുപ്രായത്തിലേ നൽകാത്തതുകൊണ്ടാവാം മുതിർന്ന പ്രായത്തിലും കുട്ടികൾക്ക് ഉത്തരവാദിത്തങ്ങൾ വലിയ ഭാരമായി അനുഭവപ്പെടുന്നത്.
ചെറുപ്രായത്തിലേ, അതാതു പ്രായത്തിനു ചേർന്നരീതിയിൽ, ഉത്തരവാദിത്തങ്ങൾ നൽകുകവഴി കുട്ടികളുടെ സെൽഫ് എസ്റ്റീമും ആത്മവിശ്വാസവും മെച്ചപ്പെടുന്നു. കുടുംബത്തിലേക്ക് അർഥപൂർണമായ ഒരു കോണ്ട്രിബ്യൂഷൻ നൽകാൻ കഴിയുന്നു എന്നത് അവരെ സ്വന്തം സാധ്യതകളെ തിരിച്ചറിയാൻ സഹായിക്കുന്നു. പതിയെ ജീവിതത്തിന്റെ കടിഞ്ഞാൺ കയ്യിലെടുക്കാനും കൂടുതൽ ഓട്ടോണമസ് ആകാനും കുട്ടികളെ ഇത് സഹായിക്കുന്നു.
പ്രായത്തിനു യോജിച്ചരീതിയിൽ ചെറിയ ഉത്തരവാദിത്തങ്ങൾ കുട്ടികൾക്ക് നൽകുന്നത് ക്രൂരതയല്ല; അവരോട് ചെയ്യാവുന്ന ഏറ്റവും നല്ലതും അത്യന്തം അടിസ്ഥാനപരവുമായ ഒരു കാര്യമാണ്.