സിനിമാ സംവിധാനം നിങ്ങളുടെ പാഷൻ ആണെന്ന് കരുതുക. എങ്ങനെ ആ കരിയറിലേക്ക് എത്തിച്ചേരും?
ഒരു ഫിലിം ഡിറക്ടർ ആവുക എന്നത് പ്രയാസമായിരിക്കാം. എന്നാൽ നാലോ അഞ്ചോ സുഹൃത്തുക്കളുമായി ചേർന്നോമറ്റോ ഒരു ഷോർട്ഫിലിം ചെയ്യുക പ്രയാസമാകില്ല. പറ്റും പോലെ ഒരെണ്ണം ചെയ്യുക. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക. അടുത്തത് ചെയ്യുക. വീണ്ടും ചെയ്യുക. അങ്ങനെയങ്ങനെ.
ഇതോടൊപ്പം അല്പം അപ്ഡേഷനും നടക്കുന്നുണ്ടങ്കിൽ, അത്യാവശ്യം നല്ലതൊരെണ്ണം അധികം വൈകാതെ നിങ്ങളുടെ സൃഷ്ടിയായി ഉണ്ടാകും. ഒരു സിനിമാ നിർമ്മാതാവിലേക്കെത്താൻ നിങ്ങളെ അത് സഹായിക്കും. സിനിമ എന്ന സ്വപ്നവുമായി ഇരുപതും വർഷം അസിസ്റ്റൻറ്/അസോസിയേറ്റ് ഡിറക്ടർ ആയും മറ്റും വർക്ക് ചെയ്ത്, ഒരു സിനിമ പോലും സ്വതന്ത്രമായി സംവിധാനം ചെയ്യാതെ ആളുകൾ കടന്നുപോകുന്ന കാലം മാറിയിരിക്കുന്നു.
നിങ്ങളുടെ സ്വന്തം പാഷനും സ്കില്ലും എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കാനും, അതിനെ രാകി മിനുക്കാനും, ആളുകളിലേക്ക് എത്തിക്കാനും ഇന്ന് മാർഗമുണ്ട്. ഒന്നോ രണ്ടോ വർഷം കൊണ്ട് നിങ്ങൾക്കുതന്നെ ഒരു വ്യക്തത വരും. ഒരുപാട് സമയവും പണവും ഊർജവും പാഴാവുന്നുമില്ല. ഏറ്റവും പ്രധാനം, ഒരു നിർമ്മാതാവിനെക്കാണിക്കാവുന്ന സ്വന്തമായൊരു സൃഷ്ടി നിങ്ങളുടെ കയ്യിൽ ഉണ്ടാവും എന്നതാണ്. (നിർമ്മാതാവ് നിങ്ങളെത്തേടി വന്നതോ, നിങ്ങൾ തേടിച്ചെന്നതോ ആവാം.)
സിനിമയുടെ കാര്യത്തിൽ അതൊക്കെ നടക്കും, മറ്റു മേഖലകളിൽ നടക്കുമോ എന്നു തോന്നിയേക്കും.
പലപ്പോഴും, നമ്മുടെ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ ഒരു പ്രോബ്ലം പബ്ലിക്കിന് വേണ്ടി സോൾവ് ചെയ്യാൻ നമുക്ക് തനിയെ കഴിഞ്ഞേക്കും – സ്വതന്ത്രമായിട്ട്, ചിലപ്പോൾ സൗജന്യമായിട്ട്. അതുതന്നെ നമ്മുടെയൊരു പോർട്ഫോളിയോയുടെ ഭാഗവുമാകാം.
ഇനി, ഏത് മേഖലയോ ആയിക്കോട്ടെ, അതുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് എഴുതാൻ സാധിക്കുമല്ലോ? നൂറോ അഞ്ഞൂറോ പോസ്റ്റുകൾ എഴുതാമെന്ന് കമ്മിറ്റ് ചെയ്യൂ(ഈ വായിക്കുന്ന പോസ്റ്റ് ഒരു 500 ദിവസ കമ്മിറ്റ്മെൻറിലെ ഇരുപതാമത്തേതാണ്). ഒരു ലേണിങ് എക്സ്പീരിയൻസ് എന്ന നിലയിൽ സമാന്തരമായി ഇൻറർവ്യൂകളും ഇപ്പോഴേ വേണമെങ്കിൽ അറ്റെൻ്റ് ചെയ്തോളൂ.
ഒരു വിഷയത്തിൽ നൂറോ അഞ്ഞൂറോ ബ്ലോഗ് എഴുതുമ്പോഴേക്ക് നിങ്ങൾക്ക് വരുന്ന മാറ്റമായിരിക്കും ഏറ്റവും പ്രധാനം. ഏറ്റവും സില്ലി ആയ രീതിയിൽ എഴുതിത്തുടങ്ങുക. പതുക്കെ മുന്നോട്ടുപോവുക. സിനിമയ്ക്ക് ഷോർട്ഫിലിം എങ്ങനെയോ, അതേ മട്ടിൽ വർക്ക് ചെയ്തില്ലെങ്കിലും, ചില അദ്ഭുതങ്ങൾ കൊണ്ടുവരാൻ ഏറ്റവും സില്ലി ആയ രീതിയിൽ തുടങ്ങുന്ന – എന്നാൽ കൺസിസ്റ്റൻറായി മുന്നോട്ടുപോകുന്ന – ഒരു ബ്ലോഗിന് ചിലപ്പോൾ കഴിയും.