ഉദാരമായ സേവനം – 3 | LifeBlog #026

ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ഒരേ വാർത്തയുടെ തലക്കെട്ട് രണ്ടു രീതിയിൽ:

  1. “പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി ബ്രിട്ടൺ”
  2. “പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി ഈ രാജ്യം”

ഒന്നാമത്തേതിൽ രാജ്യമേതെന്നത് വ്യക്തമാണ്. രണ്ടാമത്തേതിൽ രാജ്യമേതെന്നറിയാൻ ലിങ്ക് ക്ലിക് ചെയ്യുകതന്നെ വേണം. എങ്കിലും, നമ്മുടെ രാജ്യമല്ല എന്ന ഏകദേശ സൂചനയുണ്ട്.

എന്നാൽ, ഇന്ന് ഫെയ്സ്ബുക്കിൽ കണ്ട ലിങ്ക് മേല്പറഞ്ഞ രണ്ടുരീതിയിലുമായിരുന്നില്ല. മൂന്നാമത്തെ ആ രീതി ഇങ്ങനെയായിരുന്നു.

  1. “പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി…”

ഒരുങ്ങി…? ഇന്ത്യയെങ്ങാനും ആണോ ഒരുങ്ങിയത്?!

അതായത്, നമ്മുടെ വണ്ടി കട്ടപ്പുറത്താകുമോ എന്ന ആധി എല്ലാവരിലുമുണ്ടാക്കുക. പരമാവധിപ്പേരെക്കൊണ്ട് ലിങ്ക് തുറപ്പിക്കുക.

മാധ്യമസ്ഥാപനത്തിന് കിട്ടുന്ന ക്ലിക്ക് ആണ് അവരുടെ പ്രയോറിട്ടിയിൽ ആദ്യം വരുന്നത്; വായനക്കാരന് ആ വാർത്ത പ്രസക്തമാണോ എന്നതല്ല. വായനക്കാരനെ സെർവ് ചെയ്യുക എന്നത് ഏറ്റവും അവസാനത്തെ ലക്ഷ്യമാണ്.

‘ഈ വാർത്ത മിക്കവാറും നിങ്ങൾക്കുള്ളതല്ല, ഇത് ക്ലിക്ക് ചെയ്ത് സമയം കളയണമെന്നില്ല’ എന്ന് വായനക്കാരന് സൂചന നൽകുമ്പോൾ ഒന്നാമത്തെ തലക്കെട്ട് എന്താണ് പ്രതിഫലിപ്പിക്കുന്നത്? വായനക്കാരനോടുള്ള ബഹുമാനവും പ്രതിബദ്ധതയും – അല്ലേ. അത് ഉദാരമായ സേവനമാണ്. മൂന്നാമത്തേത് അതിന്റെ വിപരീതവും.

(ഫോസിൽ ഇന്ധനങ്ങളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ദേശഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്നതാണ്. എന്നാൽ ആ സന്ദേശം നൽകുവാൻ രാജ്യത്തിന്റെ പേര് മറച്ചുവെക്കൽ അനിവാര്യമല്ല. വാർത്തയുടെ കണ്ടന്റ് അത്തരമൊരു ലക്ഷ്യത്തെ പ്രതിഫലിക്കുന്നതുമായിരുന്നില്ല.)

By Vineeth Vinnie

A compassionate creative process mentor who believes in the power of starting small and showing up every day. Whatever be your journey, I can help you kick-start it and make it worthwhile.