“ഇനി ഇംഗ്ലീഷ് മെച്ചപ്പെടുത്താമെന്ന് വിചാരിച്ചാലൊന്നും നടക്കില്ല. അതൊക്കെ നേരത്തെ ചെയ്യണമായിരുന്നു.”
“ഒരു ഡിഗ്രിയൊക്കെ ഇനി എടുക്കുക എന്നു പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല.”
“ഇനിയിപ്പൊ ഞങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങൾ തീർക്കാനൊന്നും പറ്റില്ല. വല്ലാതെ വൈകിപ്പോയി.”
ഇങ്ങനെയെല്ലാം പലപ്പോഴും ആളുകൾ ചിന്തിക്കാറുണ്ട്.
എന്നാൽ, ‘വല്ലാതെ വൈകിപ്പോയി’ എന്ന് ഇപ്പോൾ ചിന്തിക്കുന്ന ചില കാര്യങ്ങളെ നമ്മൾ ഒരു വർഷം കഴിഞ്ഞ് എങ്ങനെയാണ് നോക്കിക്കാണുക?
ഇങ്ങനെ തോന്നിപ്പോകുന്ന സാഹചര്യങ്ങൾ വിരളമല്ല: ‘കഴിഞ്ഞവർഷം അത്ര വൈകിയിട്ടില്ലായിരുന്നു. ഇപ്പോൾ ശരിക്കും വല്ലാതെ വൈകിപ്പോയി’.
ഈ നിമിഷത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ‘ഇപ്പോൾ ചെയ്യൽ’ എന്നത് പരമാവധി സാധ്യമായ ‘നേരത്തേ ചെയ്യൽ’ ആണ്. അതിനേക്കാൾ നേരത്തേ ഇനി ചെയ്യാൻ കഴിയില്ല.
ഇനി, ഇപ്പോൾ ചെയ്യണമെന്ന് തോന്നുന്നത് ഇപ്പോൾ ചെയ്യാതിരിക്കലാണ് വൈകൽ. ശരിയായ കാര്യങ്ങൾ ചെയ്യാനും ചെയ്തു തുടങ്ങാനും ഏറ്റവും ശരിയായ സമയം ഇപ്പോൾ ആണ്.