ഷോപ്പിൽ നിന്ന് നമ്മൾ കണ്ടും തൊട്ടുനോക്കിയും മണത്തറിഞ്ഞും രുചിച്ചും മറ്റുമാണ് സാധനങ്ങൾ വാങ്ങുക.
ഓൺലൈൻ ഷോപ്പിങ്ങിന്റെ ഈ കാലത്തുപോലും പ്രൊഡക്റ്റിന്റെ എക്സ്പീരിയൻസ് എത്ര മികച്ചരീതിയിൽ ഉപഭോക്താവിന് കൈമാറാം എന്ന കാര്യത്തിൽ വലിയ മത്സരമാണ്. ഓഗ്മെന്റഡ് റിയാലിറ്റിയും മറ്റുമാണ് കമ്പനികൾ പയറ്റുന്നത്.
കണ്ണടയും മറ്റും ഓൺലൈനായി വാങ്ങുമ്പോൾ, ആപ്പ് തുറന്നിട്ട് വിർച്വൽ ഷോകെയ്സിൽനിന്ന് ഒന്നു സിലക്ട് ചെയ്ത് നമ്മുടെ ക്യാമറ ഓണാക്കുകയേ ചെയ്യേണ്ടതുള്ളൂ, നമ്മുടെ മുഖത്ത് കണ്ണട വെച്ചുനോക്കുന്ന അനുഭവം 180 ഡിഗ്രിയിൽ നമുക്ക് സ്ക്രീനിൽ കിട്ടും. ഇഷ്ടപ്പെട്ടാൽ ഓർഡർ ചെയ്യാം.
ഇനി, നിങ്ങൾ ഒരു സേവനമേഖലയിൽ ഫ്രീലാൻസർ ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നു കരുതുക. കണ്ടെന്റ് റൈറ്റിങ്, ആനിമേഷൻ, വീഡിയോ എഡിറ്റിങ്, ട്രെയിനിങ്, മെന്ററിങ്… അങ്ങനെ മേഖല ഏതുമാകട്ടെ, ഒരു പൊട്ടെൻഷ്യൽ ക്ലൈന്റിനെ സംബന്ധിച്ച്, നിങ്ങളുടെ ഷോകെയ്സ് എവിടെയാണ്?
ഇന്റർനെറ്റ് നമ്മുടെ വർക്ക് ഷോകേസ് ചെയ്യാൻ അനന്തസാധ്യത നൽകുന്നുണ്ട്. പഴയവ പൊടിപിടിക്കുകയല്ല. ഇഷ്ടാനുസരണം പുതുക്കിക്കൊണ്ടേയിരിക്കാം. മിക്കപ്പോഴും വാടകപോലും നൽകേണ്ടതില്ല. എന്നാൽ, ഈ സാധ്യത പലപ്പോഴും നമ്മൾ ഉപയോഗപ്പെടുത്താറില്ല.
പ്രധാനകാരണം, മികച്ച ഒരു വർക്കിനായുള്ള കാത്തിരിപ്പാണ്.
ഇപ്പോൾ നമ്മളാൽ സാധ്യമായ നിലവാരത്തിലുള്ള ഒരു വർക്കിൽ നിന്ന് ആരംഭിക്കാവുന്നതാണ് – അതെത്ര കുറഞ്ഞതാണെന്ന് നമ്മൾ വിശ്വസിച്ചാലും.
എവിടെനിന്നെങ്കിലും തുടങ്ങേണ്ടതുണ്ടല്ലോ. ഇവിടെനിന്ന്, ഇപ്പോൾ തുടങ്ങൂ.