പകുതി വെള്ളമെടുത്ത ഒരു ഗ്ലാസ്.
അത് പകുതി നിറഞ്ഞതായോ പകുതി കാലിയായോ കാണുന്നത് നമ്മുടെ പെർസ്പെക്റ്റീവാണ്.
പലപ്പോഴും മോട്ടീവേഷണൽ ട്രെയിനേഴ്സ് പെരുപ്പിക്കുന്ന രീതിയിൽ അത്ര പ്രധാനമാവണമെന്നില്ല ഈ വ്യത്യാസം. ചിലപ്പോൾ, നമുക്ക് കാലിയായതിനെ കാലിയായി തന്നെ കാണേണ്ടിവരാം.
എന്നാൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട്.
വളരെ ഈസിയായി കാണാവുന്നകാര്യങ്ങളാണ്, അതിലേറെ എളുപ്പത്തിൽ നമ്മൾ കാണാതെ പോകാറുള്ളത്.
ഉള്ളതിനെ കാണാതെ ഇല്ലാത്തതിനെ തേടുകയും, അതിനെച്ചൊല്ലി പരാതിപ്പെടുകയും ചെയ്യുന്ന ശീലം മറ്റുള്ളവരെ തളർത്തുകയും നമ്മുടെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യാം. അത് നമ്മുടെ തന്നെ സംതൃപ്തിയെ മോശമായി ബാധിക്കാം.
കുട്ടികളെ സംബന്ധിച്ച ഒരു സാഹചര്യം നോക്കാം.
ഒരു പരീക്ഷയ്ക്ക് അൻപതിൽ 25 മാർക്ക് നേടിയ കുട്ടി പകുതി മാർക്ക് നേടിയതാണോ പകുതി നഷ്ടപ്പെടുത്തിയതാണോ ആദ്യം നമ്മുടെ ശ്രദ്ധയിൽ പെടുക?
കുട്ടിയ്ക്ക് കിട്ടിയ 50% ഉത്തരക്കടലാസിൽ ഉണ്ട്. അതു നമുക്ക് കാണാവുന്നതാണ്. എളുപ്പത്തിൽ കാണാവുന്നതാണ്. എളുപ്പത്തിൽ കാണാവുന്ന ഈ പകുതിയെ വിസ്മരിച്ചുകൊണ്ട് കാണാനില്ലാത്ത പകുതിയെപ്പറ്റി ആവലാതിപ്പെട്ടാൽ ഫലമെന്താണ്?
കേവലം ഒരു പരീക്ഷയിൽ നഷ്ടപ്പെട്ട പകുതി മാർക്ക്, കുട്ടിയുടെ ഭാവിയെ നിർണയിക്കുന്ന അനേകം ഘടകങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കില്ല പലപ്പോഴും.
ഇനി, അത്ര പ്രധാനമായ സാഹചര്യത്തിൽ പോലും, നമ്മൾ തിരഞ്ഞെടുക്കുന്നത് ശകാരവും പരാതിയുമാണെങ്കിൽ 100 ശതമാനത്തിനടുത്തേക്കുള്ള കുട്ടിയുടെ ദൂരത്തെ മറ്റാർക്കോ വേണ്ടിയുള്ള ഒരു ഭീകര ദൂരമാക്കുകയാണ് അത് ചെയ്യുക.