Blog

നഷ്ടത്തിലെ ലാഭം | LifeBlog #031

സുഹൃത്തുക്കളുടെ ചില ആവലാതികൾ:

“3000 രൂപയോ? അതാ ഷോപ്പീന്ന് വാങ്ങിയതെന്തിനാ? മറ്റേ ഷോപ്പിൽ 2950 രൂപയേ ഉണ്ടായിരുന്നുള്ളല്ലോ?”

“ഫ്ലിപ്കാർട്ടിൽ അടുത്തയാഴ്ച വല്യ ഓഫറുകൾ വരാനിരിക്കുകയല്ലേ? ഇപ്പൊ ആ സ്റ്റോറിൽ പോയി വാങ്ങേണ്ട വെല്ല കാര്യവുമുണ്ടായിരുന്നോ?”

“12 മെഗാപിക്സലിന്റെ ക്യാമറാ ഫോണൊക്കെ ഇപ്പൊ നീയല്ലാതെ ആരെങ്കിലും വാങ്ങുമോ? 48ഉം 64ഉം മെഗാപിക്സൽ വരെ ഔട്ടാവാറായി.”

നമ്മുടെ സുഹൃത്തുക്കൾ ഈ പറയുന്ന കാര്യങ്ങളൊക്കെ സത്യമായിരിക്കാം. അവർക്ക് ഉദ്ദേശശുദ്ധിയും ഉണ്ടാകാം. എന്നാൽ, സ്നേഹത്തോടെ നമ്മളുടെ ‘മണ്ടത്തരം’ കാണിച്ചുതരുന്ന സുഹൃത്തുക്കൾ ചിന്തിക്കാത്ത ചില വശങ്ങൾ ചിലപ്പോൾ നമ്മൾ പരിഗണിച്ചിട്ടുമുണ്ടാവാം.

1) അമ്പതുരൂപയുടെ ഡിസ്കൗണ്ടിനുവേണ്ടി നൂറുരൂപയുടെ പെട്രോൾ കത്തിച്ച് ദൂരെയുള്ള ഷോപ്പിൽ പോകേണ്ടിവരിക.

2) അടിയന്തര ആവശ്യമായതിനാൽ ഫ്ലിപ്കാർട്ടിലെ 10% ഓഫറിനേക്കാൾ ഇപ്പോഴത്തെ സമയം 100% പ്രധാനമായിരിക്കുക.

3) 48 മെഗാപിക്സലിനേക്കാൾ നല്ല ഔട്പുട്ട് തരുന്ന 12 മെഗാപിക്സൽ ക്യാമറാഫോൺ മാർക്കറ്റിൽ ഉണ്ടെന്ന് വരിക(ശരിക്കും അങ്ങനെ ഉണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു).

ഈ വശങ്ങളൊക്കെ നമ്മൾ പരിഗണിച്ചതാണെങ്കിലും മറ്റുള്ളവർ മോശമാക്കി പറയുമ്പോൾ നമ്മൾ എടുത്ത ചോയിസിലുള്ള തൃപ്തി നമുക്ക് നഷ്ടപ്പെടുന്നു. തൃപ്തിയോടെ കയ്യിൽ വെച്ചിരുന്ന വസ്തു ഒരു ദുരന്തസ്മാരകമാകുന്നു.

പരിമിതികൾ സ്വയം അടിച്ചേൽപ്പിക്കാതെ ഉപയോഗിച്ചാൽ 12 മെഗാപിക്സൽ ക്യാമറ ചിലപ്പോൾ 48ന്റെ ഗുണം ചെയ്യുമായിരുന്നു. എന്നാൽ ‘മണ്ടത്തരം’ ചൂണ്ടിക്കാണിക്കപ്പെട്ടശേഷം 12 എന്നത് നമുക്ക് വെറും 2 ആയി അനുഭവപ്പെടുന്നു.

ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് മേല്പറഞ്ഞരീതിയിലുള്ള നെഗറ്റീവിറ്റിയെ മനസിലേക്ക് സ്വീകരിക്കാതിരിക്കുന്നതാണ് പലപ്പോഴും നന്നാവുക.

പെർഫക്റ്റ് ആയ ഒരു ചോയിസ് എടുക്കാൻ എപ്പോഴും ഊർജം പാഴാക്കുന്നത് അത്ര ഇഫെക്റ്റീവായ കാര്യവുമല്ല. ജീവിതത്തിലുടനീളം താരതമ്യേന അപ്രധാനമായ കാര്യങ്ങളിൽപോലും അത്ര കൃത്യമായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ ഒരുപാടു സമയവും അധ്വാനവും ചിന്തയും അതിനായി ചിലവഴിക്കേണ്ടിവരുമല്ലോ! ചിലപ്പോഴൊക്കെ, അൻപതോ അഞ്ഞൂറോ രൂപയുടെ നഷ്ടംപോലും അതിനെ അപേക്ഷിച്ച് ലാഭമായിരിക്കും.

A compassionate personal development coach and an infinite mindset mentor who believes in the power of starting small and showing up every day. Whatever be your journey, I can help you kick-start it and make it worthwhile.