ഈ ബ്ലോഗ് ഇപ്പോൾ ഏറെക്കുറെ മുടങ്ങാതെ പിന്തുടരുന്നത് ഏതാണ്ട് ഇരുപതിൽതാഴെ മാത്രം ആളുകളാണ്.
നിരാശയുടെ ടോണിൽ വായിക്കപ്പെടാനിടയുള്ള ഒരു വാക്യമാണ് മുകളിലെഴുതിയത്. എന്നാൽ തീർത്തും സത്യസന്ധമായി പറഞ്ഞാൽ അതൊരു വസ്തുത എന്നനിലയിൽ മാത്രം പങ്കുവെച്ചതാണ്. എന്താണ് ഇരുപത് എന്ന ‘ചെറിയ നമ്പർ’ നിരാശാജനകമാകാത്തത്? വലിയ നമ്പർ ഉണ്ടാവുക പ്രധാനമല്ലേ?
ശരിയാണ്. ആളുകളിലേക്ക് മൂല്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ നമ്പർ തീർച്ചയായും പ്രധാനമാണ്. പൂജ്യമാണ് നമ്പറെങ്കിൽ തീർച്ചയായും തൽക്കാലം ലോകത്തിന്മേൽ നമ്മുടെ വർക്കിന് ഇമ്പാക്റ്റ് ഒന്നും തന്നെയില്ലെന്ന് പറയാം.
ആയതിനാൽ, പൂജ്യത്തേക്കാൾ ബെറ്റർ ആയ ഒരു നമ്പറുണ്ടാവുക എന്നത് പ്രധാനമാണ്. പൂജ്യത്തേക്കാൾ എത്ര ബെറ്റർ? തീർച്ചയായും, നമ്മൾ എന്ത് വർക്ക് ചെയ്താലും “കൊള്ളാ”മെന്നുപറയുന്ന നാലഞ്ചുപേരേക്കാൾ ബെറ്ററായൊരു നമ്പർ വേണ്ടിവരും.
ഒരു പത്തുപേരിലേക്കെങ്കിലും വർക്ക് എത്തുക എന്നത് പ്രധാനമാണ്. ആദ്യത്തെ പത്തുപേരുടെ പ്രോബ്ലങ്ങൾ സോൾവ് ചെയ്യാൻ സഹായിക്കുന്ന, അവർക്ക് റിലേറ്റ് ചെയ്യാനും കണക്റ്റ് ചെയ്യാനും പറ്റുന്നതരം വർക്കിലേക്ക് എത്തുക എന്നത് ഒരു നാഴികക്കല്ലാണ്. വിചിത്രമെന്നു തോന്നാം, എന്നാൽ “പത്തു പേർ മതി” എന്ന തിരിച്ചറിവാണ് ആ യാത്രയിൽ ഏറ്റവും വലിയ മുതൽക്കൂട്ടായേക്കുക.
പത്തുപേർ മതി എന്നു പറയുമ്പോൾ ഇനി കൂടുതൽ ആളുകൾ വേണ്ട എന്നർഥമില്ല. നമ്മുടെ വർക്കിനെപ്പറ്റി സന്തോഷത്തോടെ മറ്റുള്ളവരോട് സംസാരിക്കാനിടയുള്ള പത്തുപേർ ഉണ്ടെങ്കിൽ നമ്മൾ ഏറെക്കുറെ ശരിയായ വഴിയിലാണെന്ന് വിശ്വസിക്കാം. ഇപ്പോൾ ചെയ്യുന്ന വർക്ക് തന്നെ കൂടുതൽ മനോഹരമായി ചെയ്യുക. നമ്മുടെ വർക്കിൻറെ സാധ്യതകളെ സംശയിക്കാതിരിക്കുക.
നമ്മുടെ വർക്കുമായി റിലേറ്റ് ചെയ്യുന്ന പത്തുപേർ ഉണ്ടെങ്കിൽ നൂറുപേർ കൂടി ഉണ്ടാവേണ്ടതാണ്. ആ നൂറുപേരെപ്പോലെ ചിന്തിക്കുന്ന ആയിരം പേരും ഉണ്ടാകണം. ആ അർഥത്തിൽ പൂജ്യത്തേക്കാൾ വളരെ വലിയ സംഖ്യയാണ് പത്ത്. പത്തെന്നാൽ നൂറിൻറെയും ആയിരത്തിൻറെയും പതിനായിരത്തിൻറെയും സാധ്യതയാണ്.
കോടാനുകോടിപ്പേരുള്ള ഈ ലോകത്ത് നിങ്ങളുടെ വർക്കുകൊണ്ട് പത്തുപേരെ സെർവ് ചെയ്യാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആരാണവർ, എന്താണവരുടെ ബാക്ക്ഗ്രൗണ്ട്? അത് കണ്ടെത്തുകയും അവർക്ക് വാല്യൂ നൽകുകയും ചെയ്യാം.
Seth Godin ഈ ആദ്യത്തെ ഏതാനും പേരെ വിളിക്കുന്നത് ‘സ്മോളെസ്റ്റ് വയബിൾ ഓഡിയൻസ്’ എന്നാണ്.