പരസ്യസംസ്കാരം – I • LifeBlog #033

പരസ്യങ്ങൾ നമ്മുടെ ചോയിസിനെ സ്വാധീനിക്കാൻ കാരണങ്ങൾ എന്തൊക്കെയാവാം? നമ്മൾപോലുമറിയാതെ നമ്മുടെ മനസ്സ് പരിഗണിക്കുന്നത് എന്തൊക്കെ കാര്യങ്ങളാവാം?

പരസ്യം കാണുമ്പോൾ ഏറെക്കുറെ പൊതുവായി ആളുകൾ വിശ്വസിച്ചുപോരുന്ന ചില കാര്യങ്ങൾ:

1. പരസ്യം നിർമ്മിക്കാനും പ്രദർശിപ്പിക്കാനുമായി ഒരു (വലിയ) തുക സ്ഥാപനം ചിലവഴിച്ചിരിക്കുന്നു. അതിനാൽ,
a. അവർ ബിസിനസിൽ സീരിയസ് ആയിരിക്കാം.
b. പരസ്യചിലവിന് ആനുപാതികമായ വലിയൊരു തുക ഉല്പന്നം/സേവനം രൂപപ്പെടുത്താനും ചിലവഴിച്ചിരിക്കാം. അതുകൊണ്ടുതന്നെ ഗുണമേന്മ കൂടുതലായിരിക്കാം.
c. മാർക്കറ്റിലെ നിലനില്പ് സാമ്പത്തികമായ കെട്ടുറപ്പിനെ ആസ്പദമാക്കിയിരിക്കുന്നു. സാമ്പത്തികപശ്ചാത്തലത്തെയും, അതുവഴി, സ്ഥാപനത്തിൻ്റെ നിലനിൽപ്പിനെയും സംബന്ധിച്ച സൂചന പരസ്യത്തിൻ്റെ വലിപ്പത്തിൽനിന്ന് ലഭിച്ചേക്കാം.

(തുടർസേവനങ്ങൾ ആവശ്യം വരാനിടയില്ലെങ്കിൽപോലും പൂട്ടിപ്പോയേക്കാവുന്ന ഒരു കമ്പനിയുടെ ഉല്പന്നം വാങ്ങി കയ്യിൽ വെക്കുവാൻ ആളുകൾ പലപ്പോഴും താല്പര്യപ്പെടാറില്ല.)

2. പരസ്യത്തിലൂടെ ബ്രാൻഡ് ഇമേജ് സൃഷ്ടിക്കപ്പെട്ട ഉല്പന്നം വാങ്ങുകവഴി ബ്രാൻഡ് വാല്യൂ ഉള്ള പ്രൊഡക്ടിൻ്റെ ഉടമായാകാൻ നമുക്ക് കഴിയുന്നു. ഇത് പലപ്പോഴും അഭിമാനകരമായ കാര്യമാണ്.

3. പ്രൊഡക്ട് മാർക്കറ്റിൽ ഇറക്കുകമാത്രമല്ല, അതിനെ സംബന്ധിച്ച സ്റ്റോറി ഞാനുൾപ്പെടെയുള്ള പൊട്ടെൻഷ്യൽ കസ്റ്റമേഴ്സുമായി പങ്കുവെക്കാനുള്ള എഫേർട്ട് അവർ എടുത്തു – പരസ്യം മുഖേന.

ഇനി, മേല്പറഞ്ഞ കാര്യങ്ങളുടെ എല്ലാം മറുപുറം ഒന്ന് നോക്കാം:

1a. പരസ്യത്തിനായി പണം ചിലവഴിക്കുമ്പോൾ ബിസിനസിൽ സീരിയസാകണം എന്ന് നിർബന്ധമില്ല. ചിലപ്പോൾ പരസ്യത്തിൻ്റെ കാര്യത്തിൽ മാത്രമാകാം സ്ഥാപനത്തിൻ്റെ സീരിയസ്നെസ്.

1b. ഉല്പന്നമോ സേവനമോ പോലുമില്ലാതെ പരസ്യത്തിനുമാത്രം ഫണ്ട് നീക്കിവെച്ച് ആളെപ്പറ്റിക്കുന്ന കടലാസുസ്ഥാപനങ്ങൾ നാട്ടിലുണ്ട്. പരസ്യത്തിനു ചിലവഴിക്കുന്ന തുകയും ഉല്പന്നത്തിനായി ചിലവഴിക്കുന്ന തുകയും തമ്മിലുള്ള അനുപാതം ഏതുരീതിയിലാണെന്ന് ഊഹിക്കാൻ മാത്രമേ പലപ്പോഴും നമുക്ക് കഴിയൂ.

1c. സ്ഥാപനത്തിൻ്റെ സാമ്പത്തികമായ ആരോഗ്യാവസ്ഥ ചില സാഹചര്യങ്ങളിലൊക്കെ പ്രസക്തമാകാമെങ്കിലും, വിശ്വാസ്യതയെ പണത്തിൻ്റെ ബലവുമായി ലിങ്ക് ചെയ്യുന്നത് അടിസ്ഥാനരഹിതമായ മുൻവിധിയായി മാത്രമേ കാണാനാകൂ.

2. ബ്രാൻഡ് ഇമേജ് ഉള്ള പ്രൊഡക്ട് വാങ്ങി എന്ന അഭിമാനത്തിനുവേണ്ടി മാത്രമാണ് പ്രൊഡക്ട് വാങ്ങുന്നതെങ്കിൽ, നമ്മളെപ്പറ്റി മറ്റുള്ളവർ എന്തുചിന്തിക്കുന്നു എന്ന ആവലാതിയാണ് നമ്മെ നയിക്കുന്നത്. അതൊരു ട്രാപ്പ് ആണ്.

3. പ്രൊഡക്ടിൻ്റെ സ്റ്റോറി ആളുകളിൽ എത്തിക്കാനുള്ള എഫേർട്ടും കെയറും സ്ഥാപനങ്ങൾ എടുക്കേണ്ടതുതന്നെയാണ്. എങ്കിലും മേല്പറഞ്ഞതുപോലെ കുന്നോളം സ്റ്റോറിയും കുന്നിക്കുരുവോളം റിസർച്ച് & ഡെവലപ്മെൻ്റും ആയിപ്പോയാൽ കഷ്ടമാണ്.
(സ്റ്റോറി ആളുകളിലേക്കെത്തിക്കുന്നത് സംബന്ധിച്ച് നാളത്തെ പോസ്റ്റിൽ വിശദമായി വായിക്കാം)

പരസ്യങ്ങൾ അവസാനിപ്പിക്കണമെന്നല്ല പറഞ്ഞുവരുന്നത്. ട്രഡീഷണൽ ആയ രീതിയിലുള്ള പരസ്യങ്ങൾ അല്പം കുറച്ചിട്ട് സേവനങ്ങളുടെയും ഉല്പന്നങ്ങളുടെയും ക്വാളിറ്റിയിൽ ഫോക്കസ് ചെയ്യാമെന്ന ഒരു തീരുമാനം സ്ഥാപനങ്ങൾക്ക് എടുക്കുക പ്രയാസം തന്നെയായിരിക്കും.

എന്നാൽ, പരസ്യം നമ്മുടെ തീരുമാനങ്ങളെ ‘എളുപ്പമാക്കാൻ’ സഹായിക്കുമ്പോൾ, ഉപഭോക്താക്കൾ എന്ന നിലയിൽ നമുക്ക് മറ്റൊരു സമീപനം സ്വീകരിക്കാവുന്നതാണ്: “പരസ്യം കാണിച്ചുകാണിച്ച് എൻ്റെ പണി വല്ലാതങ്ങ് എളുപ്പമാക്കാതെടോ. അല്പം കഷ്ടപ്പെട്ട് പ്രൊഡക്ടിൻ്റെ നിലവാരമൊക്കെ മനസിലാക്കാൻ ഞാൻ റെഡി. നഷ്ടം പറ്റിയാലും വേണ്ടില്ല, ഇടക്ക് ചില പരീക്ഷണങ്ങളൊക്കെ നടത്താനും റെഡിയാണ്” എന്നു പറയാവുന്നതാണ്.

By Vineeth Vinnie

A compassionate creative process mentor who believes in the power of starting small and showing up every day. Whatever be your journey, I can help you kick-start it and make it worthwhile.