അച്ഛന്റെയോ അമ്മയുടെയോ ടൂത്ബ്രഷ്, കുട്ടിയുടെ കൈ തട്ടി ടോയ്ലെറ്റിലേക്ക് വീണുവെന്ന് കരുതുക. സംഭവം തൽക്കാലം ആരും കണ്ടിട്ടില്ല എന്നും വെക്കുക.
ഇക്കാര്യം തുറന്നുപറയുന്നത് അത്ര സെയ്ഫല്ലാത്ത അന്തരീക്ഷമാണ് വീട്ടിലുള്ളതെങ്കിൽ – അതായത് കുറ്റപ്പെടുത്തലോ ചീത്തവിളിയോ ശിക്ഷയോ ആണ് കുട്ടി പ്രതീക്ഷിക്കുന്നതെങ്കിൽ – കുട്ടി എന്ത് ചെയ്യും?
എങ്ങനെയെങ്കിലും ടൂത്ബ്രഷ് തിരിച്ചെടുത്ത് ഇരുന്നിടത്ത് വെക്കും. കുട്ടിയുടെ ശുചിത്വബോധത്തിനനുസരിച്ച് സോപ്പിട്ടോ ഇടാതെയോ അത് ചിലപ്പോൾ കഴുകുമായിരിക്കും.
നിങ്ങളോ മറ്റാരെങ്കിലുമോ അതറിയാൻ പോകുന്നില്ല. ആ ടൂത്ബ്രഷ് കൊണ്ട് ഉടമ ദിവസങ്ങളോളം ബ്രഷിങ് തുടരുന്നു.
ബ്രഷ് കുട്ടിയുടേത് തന്നെയാണെങ്കിലും, ചിലപ്പോൾ ചീത്തവിളിയേക്കാൾ ഭേദം ആ വൃത്തികെട്ട ബ്രഷ് ആണെന്ന് കുട്ടി കരുതിയേക്കാം. കുട്ടി അതുപയോഗിച്ച് ബ്രഷിങ് തുടർന്നേക്കാം.
മക്കൾക്ക് പറ്റുന്ന അബദ്ധങ്ങളും തെറ്റുകളും പേരന്റ്സുമായി പങ്കുവെക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവുക പ്രധാനമാണ്. ഇല്ലെങ്കിൽ, അത് ഗുണകരമായ അവസ്ഥയല്ല പേരന്റിനും കുട്ടിക്കും സൃഷ്ടിക്കുക.
ഇത് പേരന്റിങിൽ മാത്രമല്ല, ജോലിസ്ഥലത്തും മറ്റു ബന്ധങ്ങളിലുമെല്ലാം ബാധകമാണ്. നമ്മുടെ സഹപ്രവർത്തകർക്ക് തൊഴിലുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം, പിഴവുകൾ ഇല്ലാതെ പ്രവർത്തിക്കുക എന്നതാവാം.
എന്നാൽ പിഴവ് സംഭവിച്ചാൽ പിന്നെ അത് തുറന്ന് സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതിലും മെച്ചപ്പെട്ടൊരു വഴിയുമില്ല. പക്ഷേ, അത്തരം പെരുമാറ്റത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം നിലനിൽക്കുമ്പോൾ മാത്രമേ അത് നടക്കുകയുള്ളൂ.
ചുരുക്കിപ്പറഞ്ഞാൽ, സത്യസന്ധമായ പെരുമാറ്റത്തെ അംഗീകരിക്കാതിരിക്കൽ ടോയ്ലെറ്റിൽ വീണ ടൂത്ബ്രഷ് കൊണ്ട് ബ്രഷ് ചെയ്യുന്നതിനു തുല്യമാണ്.