‘ഞാനെപ്പൊഴേ പറഞ്ഞതാ.’
ഇങ്ങനെ ഒരാൾ നമ്മളോട് പറയുമ്പോൾ നമുക്കെന്താണ് തോന്നുക?
അത്ര ഉപകാരപ്രദമായൊരു പ്രയോഗമായി തോന്നാറുണ്ടോ അത്?
ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു. പരിണിതഫലം എന്തായാലും അതിപ്പോൾ നമ്മുടെ മുന്നിലുണ്ട്. മറ്റേയാൾ ബുദ്ധി കൂടിയയാളും നമ്മൾ കുറഞ്ഞയാളും ആണെന്ന് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ഒരു ശ്രമം കൊണ്ട് സവിശേഷമായ എന്തെങ്കിലും ഗുണം ഇനിയില്ല.
ഇത്തരം ഒരു പ്രയോഗം നിരന്തരം കടന്നുവരുന്ന ഒരന്തരീക്ഷത്തിലാണ് നമ്മൾ ഉള്ളതെങ്കിലോ? ഏതു നിമിഷവും ‘ഞാനപ്പൊഴേ പറഞ്ഞതാ’ എന്ന് നമ്മളോടൊരാൾ പറഞ്ഞേക്കുമെന്ന അവസ്ഥയാണെങ്കിൽ?
അക്ഷരാർഥത്തിൽ നമ്മൾ സ്റ്റക്കാവും അല്ലേ?
എത്ര നല്ല ലക്ഷ്യത്തോടുകൂടിയും, പ്ലാനിങ്ങോടുകൂടിയും ചെയ്യുന്ന കാര്യങ്ങൾ പോലും പരാജയപ്പെടാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ, ഒരു ‘ഞാനപ്പൊഴേ പറഞ്ഞതാ’യെ നമ്മൾ വല്ലാതെ ഭയപ്പെടും അല്ലേ?
അസ്വസ്ഥതയുണ്ടാക്കുന്ന ആ വാക്കുകൾ കേൾക്കാതിരിക്കാൻ ‘ഫലപ്രദമായ’ വഴിയായി ആളുകൾ തിരഞ്ഞെടുക്കുക പലപ്പോഴും നിഷ്ക്രിയതയാണ്. ഒന്നും ചെയ്യാതിരിക്കൽ.
ഇനി, ‘ഞാനപ്പൊഴേ പറഞ്ഞതാ’ എന്ന് മറ്റുള്ളവരെ ഓർമ്മിപ്പിക്കുമ്പോൾ, സമാനമായൊരു ഇമ്പാക്റ്റ് നമ്മൾ അവരിലും ഉണ്ടാക്കിയേക്കാം.
വലിയ ബിസിനസ് സ്ഥാപനങ്ങൾ, സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, സ്പോർട്സ് ടീമുകൾ തുടങ്ങി നമ്മുടെ കുടുംബങ്ങൾ പോലും ഈ ചെറിയൊരു പ്രയോഗത്തിൽ വളർച്ചയറ്റുപോകാം.